യുഎസുമായി ചർച്ചയ്ക്കില്ലെന്ന് അയത്തൊള്ളാ അലി ഖമനയ്
Tuesday, September 17, 2019 11:41 PM IST
ടെഹ്റാൻ: യുഎസുമായി ഒരു തലത്തിലുമുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്. ഇറാനുമേൽ പരമാവധി സമ്മർദം ചെലുത്തി മുട്ടുകുത്തിക്കാമെന്ന യുഎസിന്റെ മോഹം നടപ്പില്ലെന്നും ടിവി പ്രസംഗത്തിൽ ഖമനയ് വ്യക്തമാക്കി.
സൗദിയിലെ അരാംകോ എണ്ണക്കന്പനിക്കു നേരേയുണ്ടായ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തി യുഎസ് പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഖമനയ്യുടെ പ്രസ്താവന. ഇറാൻ പ്രസിഡന്റ് റുഹാനിയുമായി ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടയിൽ ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നു വൈറ്റ്ഹൗസ് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ ഖമനയ്യുടെ പ്രസ്താവനയോടെ ഇതിനുള്ള സാധ്യത മങ്ങി.
ആണവക്കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ നടപടിയിൽ പശ്ചാത്തപിച്ച് പഴയനിലയിലേക്ക് തിരിച്ചുവരാൻ യുഎസ് തയാറായാലേ ചർച്ച സാധ്യമാവുകയുള്ളുവെന്ന് ഖമനയ് ചൂണ്ടിക്കാട്ടി.