ലങ്കയിലെ മുൻ പോലീസ് മേധാവി അറസ്റ്റിൽ
Thursday, October 10, 2019 12:17 AM IST
കൊളംബോ: ഈസ്റ്റർദിന സ്ഫോടനക്കേസിൽ ലങ്കയിലെ മുൻ പോലീസ് മേധാവി പുജിത് ജയസുന്ദരയെയും മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയെയും വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തെയും അറസ്റ്റിലായെങ്കിലും കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു.
ഇന്നലെ കൊളംബോ ഹൈക്കോടതി ഉത്തരവു പ്രകാരം ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും 23വരെ റിമാൻഡ് ചെയ്തു. സ്ഫോടനക്കേസ് അന്വേഷിച്ച പാർലമെന്റ് കമ്മിറ്റിയിൽ ഇരുവരും സർക്കാരിനെതിരേ മൊഴി നൽകിയിരുന്നു. ചാവേർ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഉന്നതതല കൂടിയാലോചനകൾ നടത്തിയില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. തന്നെ ബലിയാടാക്കാൻ പ്രധാനമന്ത്രി വിക്രമസിംഗെ മുൻകൈയെടുത്താണു പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചതെന്നു നേരത്തെ സിരിസേന ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ദേശീയ സുരക്ഷാ സമിതി യോഗങ്ങളിൽനിന്നു സിരിസേന തന്നെ ഒഴിവാക്കിയിരിക്കുകയാണെന്ന് വിക്രമസിംഗെ പറഞ്ഞു.