ഐഎസ് ഭീകരരുടെ ബന്ധുക്കൾ രക്ഷപ്പെട്ടു
Monday, October 14, 2019 12:34 AM IST
ക്വാമിഷിലി: വടക്കൻ സിറിയയിലെ ക്യാന്പിൽ നിന്ന് ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 900 പേർ പലായനം ചെയ്തെന്ന് കുർദിഷ് അധികൃതർ പറഞ്ഞു.
കുർദിഷ് പോരാളികൾക്ക് എതിരേ തുർക്കി ആക്രമണം ആരംഭിച്ച സാഹചര്യം മുതലെടുത്താണ് വിദേശ പൗരത്വമുള്ള ഇവർ കടന്നുകളഞ്ഞത്. 54 രാജ്യങ്ങളിൽ നിന്ന് ഐഎസിൽ ചേർന്ന ഭീകരരുടെ കുടുംബാംഗങ്ങളായ പന്തീരായിരം പേരെയാണ് കുർദുകളുടെ കാവലിൽ ക്യാന്പിൽ തടവിൽവച്ചിരുന്നത്. എണ്ണായിരം കുട്ടികളും നാലായിരം സ്ത്രീകളും. ക്യാന്പിൽ ഇപ്പോൾ ഗാർഡുകളില്ലെന്നും കുർദ് അധികൃതർ പറഞ്ഞു.
തുർക്കി ആക്രമണത്തിൽ ഇതിനകം 50 സിറിയൻ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രം 14 പേർക്കു ജീവഹാനി നേരിട്ടു. കുർദുകൾ നടത്തിയ വെടിവയ്പിൽ 18 പേർക്കു ജീവഹാനി നേരിട്ടു.
അൽഅബയാദ് പട്ടണത്തിൽ തുർക്കി അനുകൂല സിറിയൻ വിമതർ ഒന്പതു സിവിലിയന്മാരെ വെടിവച്ചുകൊന്നു. ഫ്യൂച്ചർ സിറിയ പാർട്ടിയുടെ സെക്രട്ടറി ജനറൽ ഹെർവിൻ ഖലാഫും കൊല്ലപ്പെട്ടെന്നു കുർദുകൾ പറഞ്ഞു.