രാജ്യം മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ തെളിവ്: വി. മുരളീധരൻ
Monday, October 14, 2019 12:34 AM IST
വത്തിക്കാൻ സിറ്റി: മതേതര രാജ്യമായ ഇന്ത്യയിൽനിന്നു മറിയം ത്രേസ്യാ പുണ്യവതിയുടെ വിശുദ്ധ പദ പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ തനിക്ക് അവസരം ലഭിച്ചത് രാജ്യം മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ തെളിവുകൂടിയാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിശുദ്ധപദ പ്രഖ്യാപന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുത്ത മുരളീധരൻ ദീപിക ലേഖകനുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാസമൂഹം ഇന്ത്യയിലേതാണ്. അത്തരം ഒരു സമൂഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുക എന്നതും വലിയ ഒരു ഭാഗ്യ മായി കരുതുന്നതായി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29ന് "മൻ കി ബാത്തി’ൽ സൂചിപ്പിച്ചത് ആഗോള ക്രൈസ്തവ സഭ ഇന്ത്യയിൽനിന്നുള്ള ഒരു കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നാണ്.
സ്വിറ്റ്സർലൻഡ്, ഇറ്റലി, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവർ. ബ്രിട്ടീഷ് സംഘത്തിന്റെ തലവനായി എത്തിയ ചാൾസ് രാജകുമാരനടക്കം ഈ അഞ്ച് രാജ്യങ്ങളുടെയും ഔദ്യോഗിക സംഘങ്ങളുടെ തലവന്മാർക്ക് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഉണ്ടായിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചുവോ എന്ന ചോദ്യ ത്തിന്, വിശുദ്ധപദ പ്രഖ്യാപനം ലക്ഷ്യമാക്കിയ സന്ദർശനം ആയതുകൊണ്ട് അത്തരം കാര്യങ്ങൾ ഇത്തവണ വിഷയം ആയിരുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി. പ്രവാസികളുടെ പ്രശ്നങ്ങളായ പെൻഷൻ, ജോലിസംബന്ധമായ കാര്യങ്ങൾ എന്നിവ ലേഖകൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇന്ത്യൻ എക്സ്ക്ലൂസീവിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ദീപികയ്ക്കും പ്രത്യേക അഭിമുഖം ലഭിച്ചത്. വി. മുരളീധരൻ സാംബിയയിൽ ഔദ്യോഗിക സന്ദർശനം നടത്തി രണ്ടു ദിവസത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തും.
ജോസ് കുമ്പിളുവേലിൽ