അഭിമാനത്തോടെ ഇന്ത്യൻ സമൂഹം
Monday, October 14, 2019 12:54 AM IST
വത്തിക്കാൻ സിറ്റി: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം സീറോ മലബാർ സഭയിലെ മുഴുവൻ മെത്രാന്മാരും, ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും തൃശൂർ എംപി ടി.എൻ. പ്രതാപനും സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിനു മലയാളികളും വിശുദ്ധിയുടെ ഈ പുണ്യനഗരത്തിൽ കൊച്ചുകേരളംതന്നെ ഒരുക്കിയിരുന്നു.
തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ മദർ ജനറാൾ സിസ്റ്റർ ഉദയ, സിഎച്ച്എഫ് കൗണ്‍സിലേഴ്സ്, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പ്രതിനിധികളായി എത്തിയ തിരുക്കുടുംബ സന്യാസിനികൾ, വ്യത്യസ്ത സന്യാസ-സന്യാസിനീ സമൂഹങ്ങളിലെ ജനറാൾമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പ്രതിനിധികൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
ഇന്നു രാവിലെ 10.30ന് സെന്റ് അനസ്താസ്യ ബസിലിക്കയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രത്യേക കൃതജ്ഞതാബലിയും വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനവും നടക്കും.