ചരിത്രം സൃഷ്ടിച്ച് വനിതകളുടെ ആകാശനടത്തം
Saturday, October 19, 2019 12:06 AM IST
വാഷിംഗ്ടൺഡിസി: രാജ്യാന്തര ബഹിരാകാശനിലയത്തിലുള്ള യുഎസ് അസ്ട്രോനോട്ടുകളായ ക്രിസ്റ്റീനാ കോച്ച്, ജസിക്കാ മേയർ എന്നിവർ ഇന്നലെ ആകാശനടത്തത്തിലൂടെ ചരിത്രത്തിൽ ഇടംപിടിച്ചു. കേടായ ബാറ്ററി നന്നാക്കാനാണ് ഇരുവരും ബഹിരാകാശത്തിലൂടെ നടന്നത്.
രണ്ടുവനിതകൾ മാത്രമുള്ള ടീം ആദ്യമാണ് ആകാശനടത്തത്തിനു മുതിരുന്നത്. 1965ലെ ആദ്യ ആകാശനടത്തത്തിനുശേഷം ഇതുവരെ 227 ആകാശനടത്തം റിക്കാർഡു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ ടീമിലും ഒരു പുരുഷ അസ്ട്രോനോട്ടുകൂടി ഉണ്ടായിരുന്നു. ഇലക്ട്രിക്കൽ എൻജിനിയറായ ക്രിസ്റ്റീനാ മാർച്ചിലാണ് രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തി താമസമാരംഭിച്ചത്. മറൈൻ ബയോളജിസ്റ്റായ ജസീക്കാ സെപ്റ്റംബറിലും. ഇരുവരും നാസായുടെ 2013 അസ്ട്രോനോട്ട് ക്ലാസിലെ അംഗങ്ങളാണ്.