വൈറ്റ്ഹെൽമറ്റ് സഹസ്ഥാപകന്റെ മരണത്തിൽ ദുരൂഹത
Tuesday, November 12, 2019 12:01 AM IST
ഈസ്റ്റാംബൂൾ: സിറിയയിലെ വൈറ്റ്ഹെൽമറ്റ് സംഘടനയുടെ സഹസ്ഥാപകനും മുൻ ബ്രിട്ടീഷ് സൈനിക ഓഫീസറുമായ ജെയിംസ് ലെ മെസൂറിയർ ദുരൂഹ സാഹചര്യത്തിൽ ഈസ്റ്റാംബൂളിൽ മരിച്ചു. ബെയ്ഗുലു മേഖലയിൽ ജയിംസ് താമസിച്ചിരുന്ന വസതിക്കു സമീപമാണു മൃതദേഹം കാണപ്പെട്ടത്.
വിഷാദരോഗത്തിനു മരുന്നു കഴിച്ചിരുന്ന ജെയിംസ് ജീവനൊടുക്കിയതാണോ എന്നു സംശയമുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും തുർക്കിയിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി പറഞ്ഞു. സിറിയയിലെ ജീവകാരുണ്യ സംഘടനയായ വൈറ്റ്ഹെൽമറ്റ്സ് യുദ്ധമേഖലയിൽ നിന്നു നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ സ്വാധീന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് മൂവായിരത്തിലധികം വളന്റിയർമാരാണുള്ളത്.
എന്നാൽ വിദേശ ശക്തികളുടെ ചാരന്മാരായ വൈറ്റ് ഹെൽമറ്റ്സ് ഭീകര പ്രവർത്തനം നടത്തുന്നതായി റഷ്യയും സിറിയയും ആരോപിച്ചു.