ചൈനയിൽ കിന്റർഗാർട്ടനിൽ ആക്രമണം, 54 പേർക്കു പരിക്ക്
Wednesday, November 13, 2019 12:22 AM IST
ബെയ്ജിംഗ്: ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ കിന്റർഗാർട്ടനിൽ അതിക്രമിച്ചു കടന്നയാൾ കുട്ടികളുടെ ദേഹത്ത് തീപിടിക്കുന്ന രാസവസ്തു സ്പ്രേ ചെയ്തു. 51 കുട്ടികൾക്കും മൂന്ന് അധ്യാപകർക്കും പരിക്കേറ്റു. യുന്നാനിലെ കയൂൺ പട്ടണത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കോംഗ് എന്നറിയപ്പെടുന്ന 23കാരനെ അറസ്റ്റു ചെയ്തെന്നു പോലീസ് പറഞ്ഞു.
സോഡിയം ഹൈഡ്രോക്സൈഡാണ് അക്രമി സ്പ്രേ ചെയ്തത്. സമൂഹത്തോടുള്ള വിദ്വേഷമാണ് ഇയാളെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു. സ്കൂൾകുട്ടികളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ ചൈനയിൽ അപൂർവമല്ല. സാധാരണ കത്തിയാക്രമണങ്ങളാണു നടക്കാറ്. സെപ്റ്റംബറിൽ ചൈനയിലെ എൻഷി സിറ്റിയിലെ പ്രൈമറി സ്കൂളിൽ മുൻ തടവുകാരൻ എട്ടു കുട്ടികളെ കുത്തിക്കൊന്ന സംഭവമുണ്ടായി.