താലിബാനുമായി ചർച്ച നടത്തുമെന്നു ഡോണൾഡ് ട്രംപ്
Friday, November 29, 2019 11:18 PM IST
കാബൂൾ: താലിബാനുമായി സമാധാന ചർച്ച പുനരാരംഭിക്കുമെന്നും വെടിനിർത്തലിനു താലിബാനു താത്പര്യമുണ്ടെന്നാണു കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നവംബറിലെ നാലാമത്തെ വ്യാഴാഴ്ച ആചരിക്കുന്ന താങ്സ്ഗിവിംഗ് ദിനത്തോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തിയ ട്രംപ് ബാഗ്രാം സൈനിക താവളത്തിൽ യുഎസ് സൈനികരെ അഭിസംബോധന ചെയ്തു. അവരുമൊത്ത് ഭക്ഷണം കഴിച്ചു. അഫ്ഗാൻ പ്രസിഡന്റ് അബ്ദുൾ ഗനിയും ബാഗ്രാമിൽ എത്തി. ട്രംപിന്റെ ആദ്യ അഫ്ഗാൻ സന്ദർശനമാണിത്. സന്ദർശന വിവരം അവസാന നിമിഷം വരെ അതീവ രഹസ്യമായി സൂക്ഷിച്ചു. ട്രംപ് ഇന്നലെ യുഎസിൽ തിരിച്ചെത്തി.
സമാധാന ചർച്ച സംബന്ധിച്ച ട്രംപിന്റെ പരാമർശത്തോട് താലിബാൻ തണുത്ത മട്ടിലാണു പ്രതികരിച്ചത്. ഔദ്യോഗിക തീരുമാനം പിന്നീട് അറിയിക്കാമെന്നു താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.