ലണ്ടനിൽ ഭീകരാക്രമണം; അക്രമിയെ വെടിവച്ചുകൊന്നു
Friday, November 29, 2019 11:18 PM IST
ലണ്ടൻ: ലണ്ടന്റെ ഹൃദയഭാഗത്ത് ലണ്ടൻ ബ്രിഡ്ജിനു സമീപം ഇന്നലെ അക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്പിച്ചു. അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് വെടിവച്ചുകൊന്നു. ഇയാളുടെ പക്കൽ സ്ഫോടകവസ്തുക്കളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കത്തിക്കുത്തിൽ ചുരുങ്ങിയത് അഞ്ചുപേർക്കു പരിക്കേറ്റു. ഇത് ഭീകരാക്രമണമാണെന്നു സ്കോട്ലൻഡ് യാർഡ് പോലീസ് അറിയിച്ചു.
പാലത്തിൽ ഒരാൾ കിടക്കുന്നതിന്റെയും ചുറ്റും പോലീസുകാർ തോക്കും ചൂണ്ടി നിൽക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങൾ ഓടിരക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും കാണാം. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കുകയും സമീപത്തെ കെട്ടിടങ്ങളും ഓഫീസുകളും അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടടുത്താണ് സംഭവം. നിരവധി പേർക്ക് കുത്തേറ്റെന്ന റിപ്പോർട്ട് കിട്ടിയയുടൻ സായുധ പോലീസ് ലണ്ടൻ പാലത്തിനു സമീപം എത്തി.
സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ജോൺസൺ പറഞ്ഞു. ആവശ്യമായ നടപടികൾ എടുത്ത പോലീസിന് അദ്ദേഹം നന്ദി പറഞ്ഞു. ലണ്ടൻ പാലത്തിലെ ഭീകരാക്രമണത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
2017 ജൂണിൽ ലണ്ടൻ പാലത്തിലുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. മൂന്നു ഭീകരർ വാഹനം ജനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുകയും തുടർന്ന് അവിടെ കണ്ടവരെയെല്ലാം കുത്തുകയുമായിരുന്നു.