സുഡാൻ ഫാക്ടറി സ്ഫോടനം: മരിച്ചവരിൽ 18 ഇന്ത്യക്കാരും
Thursday, December 5, 2019 12:19 AM IST
ഖാർത്തും: സുഡാൻ തലസ്ഥാനമായ ഖാർത്തുമിലെ സെറാമിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചു.
ഫാക്ടറിയിലെ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. 130 പേർക്കു പരിക്കേറ്റു. ഖാർത്തും ബഹ്രിയിലെ സീല സെറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 18 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ നിരവധിപേരെ കാണാതായിട്ടുണ്ട്.
കാണാതായവരെ മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതായിരിക്കാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എംബസി അധികൃതർ എത്തി. 68 ഇന്ത്യക്കാരാണു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ മലയാളികൾ ആരുമില്ലെന്നാണു പ്രാഥമിക വിവരം. യുപി, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണു മരിച്ചതെന്നാണു റിപ്പോർട്ട്.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ പട്ടികയും കാണാതായവരുടെ പട്ടികയും ബുധനാഴ്ച ഇന്ത്യൻ എംബസി പുറത്തുവിട്ടിട്ടുണ്ട്. ഈ പട്ടികയനുസരിച്ച് ഏഴ് ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. അപകടത്തിൽനിന്നു രക്ഷപ്പെട്ട 34 പേരെ സലോമി സെറാമിക് ഫാക്ടറിയിലെ താമസസ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്.