ഇറാക്കിൽ 20 മരണം
Saturday, December 7, 2019 11:55 PM IST
ബാഗ്ദാദ്: ഇറാക്കിലെ ജനകീയ പ്രക്ഷോഭകർക്ക് അജ്ഞാതർ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 130 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രധാന പ്രക്ഷോഭ വേദിയായ ബാഗ്ദാദിലെ തഹ്റീർ ചത്വരത്തിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. പ്രക്ഷോഭകർ ക്യാന്പ് ചെയ്യുന്ന സ്ഥലത്ത് പിക് അപ് ട്രക്കുകളിലെത്തിയവർ വെടിയുതിർക്കുകയായിരുന്നു. മരിച്ചവരിൽ മൂന്നു പോലീസുകാരും ഉൾപ്പെടുന്നു. കത്തിയാക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
അഴിമതിക്കെതിരേ ഒക്ടോബറിൽ ആരംഭിച്ച പ്രക്ഷോഭം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പ്രക്ഷോഭകരുടെ ആവശ്യം മാനിച്ച് പ്രധാനമന്ത്രി അബ്ദുൾ മഹ്ദി രാജിവച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്.