‘പാക്കിസ്ഥാൻ വിചാരിച്ചാൽ അഫ്ഗാൻ യുദ്ധം തീരാൻ ആഴ്ചകൾ മതി’
Tuesday, December 10, 2019 11:38 PM IST
വാഷിംഗ്ടൺഡിസി: അഫ്ഗാനിസ്ഥാനിലെ താലിബാൻകാർക്ക് സുരക്ഷിത താവളം ഒരുക്കുന്ന നടപടി ഉപേക്ഷിക്കാൻ പാക്കിസ്ഥാൻ തയാറായാൽ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം ആഴ്ചകൾക്കുള്ളിൽ തീരുമെന്നു യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അഭിപ്രായപ്പെട്ടു.
ഖത്തറിൽ താലിബാനുമായി അമേരിക്ക ചർച്ച പുനരാരംഭിച്ചെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ളിക്കൻ സെനറ്ററായ ഗ്രഹാം ഫോക്സ് ന്യൂസ് ചാനലിനോട് ഇക്കാര്യം പറഞ്ഞത്.
താലിബാനുമായി ചർച്ച നടത്തിയിട്ടു കാര്യമില്ല. പാക്കിസ്ഥാനുമായാണ് ചർച്ച വേണ്ടത്. താലിബാൻകാർക്ക് താവളം അനുവദിക്കുന്നതു നിർത്താൻ പാക്കിസ്ഥാൻ തയാറായാൽ അഫ്ഗാൻ യുദ്ധം ആഴ്ചകൾക്കകം അവസാനിക്കുമെന്ന് ഗ്രഹാം പറഞ്ഞു.
പതിനെട്ടുവർഷമായി തുടരുന്ന അഫ്ഗാൻ യുദ്ധത്തിൽ ഇതിനകം നൂറുകണക്കിന് അമേരിക്കൻ സൈനികർക്കു ജീവഹാനി നേരിട്ടു. അഫ്ഗാനിസ്ഥാനിൽനിന്ന് എങ്ങനെയും തലയൂരാനാണ് ട്രംപിന്റെ ശ്രമം.
താലിബാൻ നേതാക്കളെ ക്യാന്പ് ഡേവിഡിൽ വിളിപ്പിച്ച് ചർച്ച നടത്താൻ വരെ ഒരുഘട്ടത്തിൽ ട്രംപ് ശ്രമിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈയിടെ ട്രംപ് അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിലെത്തി യുഎസ് സൈനികരെ അഭിസംബോധന ചെയ്തിരുന്നു. താലിബാൻ സമാധാനക്കരാറിന് ആഗ്രഹിക്കുന്നതായി ട്രംപ് ഈ സന്ദർശനവേളയിൽ പറയുകയുണ്ടായി.