ഇന്ത്യക്കാർക്കെന്നും പ്രിയമിത്രം
Sunday, January 12, 2020 12:34 AM IST
മസ്ക്കറ്റ്: ഒമാനെ അര നൂറ്റാണ്ടുകാലത്തോളം കൈവെള്ളയില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായി കൊണ്ടുനടന്ന ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് (1940 നവംബര്‍ 18 - 2020 ജനുവരി 10). ഒമാനിൽ ജീവിക്കുന്ന ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന ജീവിതസുരക്ഷിതത്വം അദ്ദേഹത്തിന്റെ സ്നേഹവായ്പിന്റെ ഫലം കൂടിയാണ്.
രാജ്യഭരണം ഏറ്റെടുത്ത സുല്‍ത്താന്‍ ഖാബൂസ് ആദ്യംതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ‘നിങ്ങളുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും അനാവശ്യമായ എല്ലാ നിയന്ത്രണങ്ങളും ഉടനടി നിര്‍ത്തലാക്കുന്നതാണ് എന്റെ ആദ്യ പ്രവര്‍ത്തനം.’ അത് അക്ഷരംപ്രതി പാലിച്ചുകൊണ്ടായിരുന്നു അഞ്ചു പതിറ്റാണ്ടു സുല്‍ത്താന്‍ നാടു ഭരിച്ചത്.
1970 ജൂലൈ 23-നാണ് സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണം ആരംഭിച്ചത്. അന്നു മുതല്‍ വികസനത്തിലേക്കും ആധുനികവത്കരണത്തിലേക്കുമുള്ള ഒമാന്റെ പാത വെട്ടിത്തുടങ്ങി. രാജ്യത്തിന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിച്ച് എണ്ണ വരുമാനം ആധുനികവത്കരണത്തിനും വികസനത്തിനും ഉപയോഗിച്ചു. അത് ഒമാനികള്‍ക്കു മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യക്കാര്‍ക്കും പ്രയോജനകരമായി.
‘എന്റെ ജനങ്ങളേ, നിങ്ങളുടെ ജീവിതം ശോഭനമായ ഭാവിയോടെ സമ്പന്നമായ ഒന്നാക്കി മാറ്റാന്‍ ഞാന്‍ എത്രയും വേഗം മുന്നോട്ടു പോകും’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഭാവിയെക്കുറിച്ചുള്ള ഉറപ്പ് നൽകിയത്. ഓരോരുത്തരും ഈ ലക്ഷ്യത്തിലേക്കു തങ്ങളുടെ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്യുമായിരുന്നു. ആധുനിക സര്‍ക്കാരിന്റെ വേഗത്തിലുള്ള സ്ഥാപനത്തിനായി സ്വയം സമര്‍പ്പിക്കുമെന്നു വാഗ്ദാനം ചെയ്ത സുല്‍ത്താന്‍ വാക്കുപാലിച്ചു. ജനങ്ങളില്‍ ഭാരം ചുമത്തിയ അനാവശ്യ നിയന്ത്രണങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ആദ്യ ലക്ഷ്യവും വൈകാതെ നടപ്പിലാക്കി. വിദേശ ശക്തികളുടെ അംഗീകാരം ഉറപ്പാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു രാജ്യാന്തര രംഗത്തും മികവു പുലര്‍ത്തി.
‘പൊതുലക്ഷ്യം നേടാന്‍ ഞാനും എന്റെ പുതിയ സര്‍ക്കാരും പ്രവര്‍ത്തിക്കും.’ എന്ന ആഹ്വാനം അക്ഷരം പ്രതി നടപ്പാക്കാനും ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. സുല്‍ത്താന്‍ ഖാബൂസ് സ്വപ്നം കണ്ടത് ഫലത്തില്‍ വന്നതാണ് പിന്നെ കണ്ടത്. 50 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒമാന്‍, പ്രത്യേകിച്ചു രാജ്യ തലസ്ഥാനമായ മസ്കറ്റ് എല്ലാ രംഗങ്ങളിലും അത്യാധുനിക നിരയിലേക്ക് ഉയര്‍ന്നു.
മലയാളികളെ എന്നും സ്വന്തം ജനങ്ങളോടൊപ്പം കണക്കുകൂട്ടിയിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഒമാനെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റി. താമസിക്കാനും ജോലി ചെയ്യാനും വിനോദ സഞ്ചാരത്തിനും പറ്റുന്ന ഏറ്റവും സുരക്ഷിതവും സൗഹൃദപരവും നയനാനന്ദകരവുമായ ഒരിടം. ദൈവ വിശ്വാസിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ‘ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ, നമ്മുടെ ശ്രമങ്ങള്‍ക്ക് വിജയം നല്കട്ടെ’ എന്ന് എപ്പോഴും ആശംസിക്കുമായിരുന്നു.