യുഎസ് ഒഴികെ ആരുമായും ചർച്ചയാവാം: ഖമനയ്
Friday, January 17, 2020 11:57 PM IST
ടെഹ്റാൻ: യുഎസ് ഒഴികെ മറ്റ് ഏതു രാജ്യവുമായും ചർച്ചയ്ക്കു തയാറാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്. ഇറാനെ മുട്ടുകുത്തിക്കാൻ യൂറോപ്പിനു കഴിയില്ല. എന്നാൽ അവരുമായി ചർച്ചയ്ക്ക് വിരോധമില്ല. പക്ഷേ യുഎസുമായി ഒരു വിധത്തിലുള്ള കൂടിയാലോചനയും സാധ്യമല്ലെന്ന് ടെഹ്റാനിലെ മോസ്കിൽ നടത്തിയ പ്രഭാഷണത്തിൽ ഖമനയ് പറഞ്ഞു. ഇതിനുമുന്പ് 2012ലാണ് ഈ മോസ്കിൽ ഖമനയ് വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകിയത്.
ജനറൽ സുലൈമാനിയെ വധിച്ച അമേരിക്കൻ നടപടിയെ ഖമനയ് അപലപിച്ചു. അമേരിക്കൻ സൈനികർക്കു നേരേ ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണം അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് വൻ തിരിച്ചടിയായി. ഐഎസിനെതിരേ ശക്തമായ പോരാട്ടം നടത്താൻ കെല്പുള്ള കമാൻഡറെയാണ് സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ നഷ്ടമായതെന്നും ഖമനയ് ചൂണ്ടിക്കാട്ടി.
ഇറാൻ ജനതയെ പിന്തുണയ്ക്കുന്നുവെന്നു നടിക്കുന്ന ഒരു കോമാളിയാണു പ്രസിഡന്റ് ട്രംപെന്ന് ഖമനയ് ആക്ഷേപിച്ചു. ഇറാൻ ജനതയെ പിന്നിൽനിന്നു കുത്താൻ ട്രംപ് മടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ സുലൈമാനിയുടെ കബറടക്കച്ചടങ്ങിലും വിലാപയാത്രയിലും പങ്കെടുത്ത ജനങ്ങളുടെ ബാഹുല്യം ഇസ്ലാമിക് റിപ്പബ്ളിക്കിനുള്ള ജനപിന്തുണയാണു കാണിക്കുന്നതെന്നും ഖമനയ് അഭിപ്രായപ്പെട്ടു.