കൊറോണ വൈറസ്: ഇന്ത്യൻ അധ്യാപിക ആശുപത്രിയിൽ
Sunday, January 19, 2020 11:23 PM IST
ബെയ്ജിംഗ്: ചൈനയിലെ ഷെൻഷെൻ നഗരത്തിലെ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായ ഇന്ത്യക്കാരി പ്രീതി മഹേശ്വരിയെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൈനയിലെ വുഹാൻ, ഷെൻഷെൻ നഗരങ്ങളിൽ രോഗം പടർന്നു പിടിക്കുകയാണ്. പനിയും ശ്വാസവൈഷമ്യവുമാണു പ്രധാന ലക്ഷണങ്ങൾ. ജലദോഷം മുതൽ മാരകമായ സാർസ് രോഗംവരെ പരത്തുന്ന മാരകമായ വൈറസുകളുടെ കൂട്ടമാണ് കൊറോണ. രോഗബാധയുണ്ടായ ആദ്യ വിദേശിയാണ് പ്രീതിയെന്നു പറയപ്പെടുന്നു.
പ്രീതി വെന്റിലേറ്ററിലാണെന്ന് ഡൽഹിയിൽനിന്നുള്ള ബിസിനസുകാരനായ ഖോവൽ പറഞ്ഞു. ഏതാനും ആഴ്ച മുന്പ് വുഹാനിലാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോർട്ടുചെയ്തത്. വുഹാനിൽ മാത്രം 500 ഇന്ത്യക്കാരുണ്ട്. മെഡിക്കൽ വിദ്യാർഥികളാണു ഭൂരിഭാഗവും. വുഹാനിലേക്കു പോകുന്ന ഇന്ത്യക്കാർക്ക് ഇന്ത്യാ ഗവൺമെന്റ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.