ജീവന്റെ പവിത്രതയ്ക്കായി ദേശീയദിനം പ്രഖ്യാപിച്ചു ട്രംപ്
Wednesday, January 22, 2020 11:19 PM IST
വാഷിംഗ്ടൺ ഡിസി: ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അളന്നു തിട്ടപ്പെടുത്താനാവാത്ത മൂല്യങ്ങളും കഴിവുകളും ഒാരോരുത്തരിലും നിക്ഷേപിച്ചിട്ടുണ്ടെന്നതു മറക്കരുതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ജീവന്റെ സംരക്ഷണത്തിനുവേണ്ടിയും എളുപ്പത്തിൽ ക്ഷതമേൽക്കുന്നവരുടെ രക്ഷയ്ക്കായും അസംഖ്യം അമേരിക്കക്കാർ മുന്നോട്ടുവന്നിട്ടുണ്ട്. ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുകയാണെന്ന് മനുഷ്യജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം (ജനുവരി 22) പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള എല്ലാ ഘട്ടത്തിലും ജീവൻ സംരക്ഷിക്കപ്പെടണം. ജീവന്റെ മഹത്വത്തിന് ഊന്നൽ നൽകുന്ന സംസ്കാരം കെട്ടിപ്പടുക്കാൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
1984ൽ പ്രസിഡന്റ് റോണൾഡ് റെയ്ഗനാണ് ആദ്യമായി ഇത്തരത്തിൽ ദേശീയ ദിനാചരണം പ്രഖ്യാപിച്ചത്.