ക്രിസ്ത്യൻ ബന്ദിയെ ഐഎസ് വധിച്ചു; വെടിയുതിർത്തത് എട്ടുവയസുകാരൻ
Friday, January 24, 2020 12:29 AM IST
ബോർനോ(നൈജീരിയ): നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ക്രിസ്ത്യൻ യുവാവിനെ ഐഎസ് വധി ച്ചു. വധശിക്ഷ നടപ്പാക്കിയത് എട്ടു വയസുകാരനായിരുന്നു. ഡാസിയ ഡാലേപ് എന്ന യുവാവിനെ എട്ടുവയസുകാരൻ വെടിവച്ചു കൊല്ലുന്ന വീഡിയോദൃശ്യം ഐഎസിന്റെ അമാഖ് വാർത്താ ഏജൻസി പുറത്തുവിട്ടു.
ഐഎസുമായി യോജിച്ചു പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ്(ഐഎസ്ഡബ്ല്യുഎപി)ഭീകരർ ജനുവരി ഒന്പതിനായിരുന്നു ഡാലേപിനെ തട്ടിക്കൊണ്ടുപോയത്. മെയ്ഡുഗുരി സർവകലാശാല വിദ്യാർഥിയായ ഡാലേപ് സ്കൂളിൽനിന്നു മടങ്ങവേയായിരുന്നു ഭീകരർ തട്ടിക്കൊണ്ടുപോയത്.
ബോർനോയ്ക്കു സമീപമായിരുന്നു ഡാലേപിനെ എട്ടുവയസുകാരൻ വധിച്ചത്. ചൊരിഞ്ഞ രക്തത്തിനു പ്രതികാരം ചെയ്യാതെ ഞങ്ങൾ ഇത് അവസാനിപ്പിക്കില്ലെന്ന് എട്ടുവയസുകാരൻ ക്രൈസ്തവർക്കു മുന്നറിയിപ്പ് നല്കുന്നതും വീഡിയോയിൽ കാണാം.
തടവിലാക്കുന്നവരെ വധിക്കാൻ ഐഎസ് മുന്പും കുട്ടികളെ ഉപയോഗിച്ചിട്ടുണ്ട്. 2016 ൽ ബോക്കോ ഹറാമിൽനിന്നു തെറ്റിപ്പിരിഞ്ഞവരാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് രൂപവത്കരിച്ചത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ 11 ക്രൈസ്തവരെ ഐഎസ്ഡബ്ല്യുഎപി ഭീകരർ കൊലപ്പെടുത്തിയിരുന്നു.