തുർക്കിയിൽ വൻ ഭൂകന്പം; 22 മരണം
Saturday, January 25, 2020 11:08 PM IST
അങ്കാറ: കിഴക്കൻ തുർക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെട്ടു. 1015 പേർക്കു പരിക്കേറ്റു. മുപ്പതിലധികം പേരെ കാണാനില്ല.
അങ്കാറയിൽനിന്ന് 750 കിലോമീറ്റർ കിഴക്കുള്ള എലാസിഗ് പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രി 8.55നുണ്ടായ ഭൂകന്പം 6.8 തീവ്രത രേഖപ്പെടുത്തി. പ്രവിശ്യയിലെ സിവ്രിസ് പട്ടണമാണ് പ്രഭവകേന്ദ്രം. എലാസിഗിനു സമീപമുള്ള നാലു പ്രവിശ്യകളിലും ചലനം അനുഭവപ്പെട്ടു. 5.4 വരെ തീവ്രതയുള്ള നിരവധി തുടർചലനങ്ങളുണ്ടായി.
മുപ്പതോളം കെട്ടിടങ്ങൾ നിലംപൊത്തി. അവശിഷ്ടങ്ങളിൽ കുടുങ്ങിയ ഒരു ഗർഭിണി അടക്കം 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി അഞ്ഞൂറോളം വരുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേടുപാടുണ്ടായ ഭവനങ്ങളിലേക്കു മടങ്ങാൻ ജനങ്ങൾ മടികാണിച്ചു. ജനങ്ങൾക്കു താമസിക്കാൻ 1600നു മുകളിൽ താത്കാലിക കൂടാരങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
2010ൽ എലാസിഗിലുണ്ടായ 6.0 തീവ്രതയുള്ള ഭൂകന്പത്തിൽ 51 പേർ മരിച്ചിരുന്നു. 1999ൽ തുർക്കിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലുണ്ടായ രണ്ടു ഭൂകന്പങ്ങളിൽ 18,000 പേരാണു കൊല്ലപ്പെട്ടത്.