ബോൾട്ടനെ വിളിച്ച് തെളിവെടുക്കണം എന്നു ഡെമോക്രാറ്റുകൾ
Tuesday, January 28, 2020 12:15 AM IST
വാഷിംഗ്ടൺഡിസി: പ്രസിഡന്റ് ട്രംപിനെതിരേ ആരംഭിച്ച സെനറ്റ് വിചാരണ തുടരുന്നതിനിടയിൽ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ തെളിവു നൽകാൻ വിളിച്ചുവരുത്തണമെന്നു ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. ബൈഡന് എതിരേ അന്വേഷണത്തിനു സമ്മതിക്കുന്നതുവരെ യുക്രെയ്നുള്ള സൈനിക സഹായം തടഞ്ഞുവയ്ക്കണമെന്നു പ്രസിഡന്റ് ആഗ്രഹിച്ചിരുന്നതായി ബോൾട്ടൻ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഡെമോക്രാറ്റുകൾ ഈ ആവശ്യവുമായി മുന്നോട്ടു വന്നത്.
യുക്രെയ്ൻ പ്രശ്നത്തിൽ ട്രംപിനു ദോഷകരമായേക്കാവുന്ന പരാമർശം ഉൾക്കൊള്ളുന്ന ബോൾട്ടന്റെ പുസ്തകം മാർച്ച് 17നു പുറത്തിറങ്ങും. പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ടു പ്രസിദ്ധീകരിച്ചിരുന്നു. ബോൾട്ടന്റെ ആരോപണം ട്രംപ് നിഷേധിച്ചു. ബോൾട്ടനെ പിരിച്ചുവിട്ട സമയത്ത് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും പുസ്തകം ചെലവാക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിൽ പറയുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.