പവൻ സുഖ്ദേവിന് ടൈലർ പ്രൈസ്
Wednesday, January 29, 2020 12:19 AM IST
ഐക്യരാഷ്ട്രസഭ: പരിസ്ഥിതി സംരക്ഷണത്തിനുള്ള നൊബേൽ എന്നറിയിപ്പെടുന്ന ടൈലർ പ്രൈസിന് വിഖ്യാത ഇന്ത്യൻ പരിസ്ഥിതി സാന്പത്തികവിദഗ്ധൻ പവൻ സുഖ്ദേവും യുഎസിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ബയോളജി പ്രഫസർ ഗ്രെച്ചെൻ ഡെയ്ലിയും അർഹരായി.
അന്പത്തൊന്പതുകാരനായ സുഖ്ദേവ് യുഎൻ പരിസ്ഥിതി പദ്ധതി(യുഎൻഇപി)യുടെ ഗുഡ്വിൽ അംബാസഡറാണ്. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സന്പദ്വ്യവസ്ഥ(ഗ്രീൻ ഇക്കോണമി)യ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്.
സന്പദ്വ്യവസ്ഥയിലെ പരിസ്ഥിതിവത്കരണം വളർച്ചയ്ക്കു തടസമാകില്ലെന്നും തൊഴിലുകൾ വർധിപ്പിക്കുമെന്നും തെളിയിക്കാനായി മുൻ യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ മുന്നോട്ടുവച്ച ഗ്രീൻ ഇക്കോണമി ഇനിഷ്യേറ്റീവിന്റെ മേധാവിയും പ്രത്യേക ഉപദേഷ്ടാവുമായിരുന്നു സുഖ്ദേവ്. ഗ്രീൻ ഇക്കോണമിക്ക് ആധാരമായ ‘ദ ഇക്കണോമിക്സ് ഓഫ് ഇക്കോസിസ്റ്റംസ് ആൻഡ് ബയോ ഡൈവേഴ്സിറ്റി’ എന്ന ആഗോള യുഎൻ പഠനത്തിനു നേതൃത്വം നല്കുകയും ചെയ്തിരുന്നു.
പരിസ്ഥിതിനാശം മൂലം സന്പദ്വ്യവസ്ഥ നേരിടേണ്ടിവരുന്ന ആഘാതങ്ങളെക്കുറിച്ചുള്ള പഠനമാണ് ഗ്രെച്ചെൻ ഡെയ്ലിയെ പുരസ്കാരത്തിന് അർഹയാക്കിയത്. മേയ് ഒന്നിനു പുരസ്കാരം നല്കും. പുരസ്കാരത്തുകയായ രണ്ടു ലക്ഷം ഡോളർ ഇരുവരും പങ്കുവയ്ക്കും.