ഹാരിക്കു രാജ്ഞിയുടെ വിലക്ക്
Thursday, February 20, 2020 12:16 AM IST
ലണ്ടൻ: സസക്സ് റോയൽ എന്ന ബ്രാൻഡിൽ ഉത്പന്നങ്ങൾ ഇറക്കുന്നതിൽ നിന്നു ഹാരി രാജകുമാരനെ വിലക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിക്കാൻ നീക്കം. രാജകീയ ചുമതലകൾ വേണ്ടെന്നു വച്ച ഹാരിയും ഭാര്യ മെഗൻ മാർക്കിളും ഇപ്പോൾ കാനഡയിലാണ് താമസം. രാജപദവി വേണ്ടെന്നു വച്ചശേഷം റോയൽ എന്ന പേര് ബ്രാൻഡ് നെയിമിൽ ചേർക്കുന്നതു ശരിയല്ലെന്നു രാജകുടുംബം ചൂണ്ടിക്കാട്ടി.
സസക്സ് പ്രഭുവായ ഹാരി നേരത്തെ സസക്സ് റോയൽ എന്ന വെബ്സൈറ്റിനു രൂപം നൽകിയിരുന്നു. ആയിരക്കണക്കിനു പൗണ്ട് ഇതിനു ചെലവായി. പുതിയ നിർദേശത്തിന്റെ വെളിച്ചത്തിൽ ഇനി പേരു മാറ്റണം.
വസ്ത്രം, പുസ്തകങ്ങൾ, സ്റ്റേഷനറി, ടീച്ചിംഗ് ഉപകരണങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ സസക്സ് റോയൽ ആഗോള ട്രേഡ് മാർക്കിൽ പുറത്തിറക്കാനും ഹാരി രാജകുമാരൻ തയാറെടുക്കുന്നതിനിടെയാണ് വിലക്കു വന്നത്.