കൊറോണ ഭീതി: മൂന്നു റിപ്പോർട്ടർമാർക്ക് വിലക്ക്
Thursday, February 20, 2020 12:16 AM IST
ബെയ്ജിംഗ്: യുഎസിലെ വോൾസ്ട്രീറ്റ് ജേണലിലെ മൂന്ന് റിപ്പോർട്ടർമാരുടെ അക്രഡിറ്റേഷൻ റദ്ദാക്കി അവരെ പുറത്താക്കാൻ ചൈനീസ് സർക്കാർ ഉത്തരവിട്ടു. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച കൊറോണയെപ്പറ്റിയുള്ള ലേഖനത്തിന്റെ തലക്കെട്ടാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചൈന-ഏഷ്യയിലെ യഥാർഥ രോഗി എന്ന തലക്കെട്ട് വംശീയച്ചുവയുള്ളതാണെന്നു ബെയ്ജിംഗ് ആരോപിച്ചു.
രോഗബാധ തടയാൻ ചൈനീസ് സർക്കാർ നടത്തുന്ന ശ്രമങ്ങളെ വിലയിടിച്ചു കാണിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ബാർഡ് കോളജ് പ്രഫസർ വാൾട്ടർ റസൽ മീഡ് എഴുതിയ ലേഖനത്തിലുണ്ട്. ഡെപ്യൂട്ടി ബ്യൂറോ ചീഫ് ജോഷ് ചിൻ,റിപ്പോർട്ടർ ഷാവോ ഡെംഗ് എന്നീ യുഎസ് പൗരന്മാരും ഓസ്ട്രേലിയക്കാരനായ റിപ്പോർട്ടർ ഫിലിപ്പ് വെന്നും അഞ്ചുദിവസത്തിനകം ചൈന വിടണമെന്ന് ബെയ്ജിംഗ് നിർദേശിച്ചു.