അമിത്ഷായുടെ അരുണാചൽ സന്ദർശനത്തിൽ എതിർപ്പുമായി ചൈന
Thursday, February 20, 2020 11:56 PM IST
ബെയ്ജിംഗ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽപ്രദേശ് സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ചൈന. അമിത് ഷായുടെ സന്ദർശനം ചൈനയുടെ പ്രാദേശിക പരമാധികാരം ലംഘിക്കുന്നതാണെന്നു പറഞ്ഞ ബെയ്ജിംഗ് സന്ദർശനത്തിലൂടെ പരസ്പരവിശ്വാസം അട്ടിമറിച്ചിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.
അരുണാചൽ പ്രദേശിന്റെ 34-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്കായാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. റോഡ് നിർമാണവും വ്യാവസായിക വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു.
തെക്കൻ ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ വാദം. ഇതുമൂലം ഇന്ത്യൻ നേതാക്കളുടെ സന്ദർശനത്തെ ശക്തമായി എതിർക്കുകയും ചെയ്യുകയാണ് പതിവ്. അരുണാചൽ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും ഇന്ത്യൻ നേതാവിന്റെ സന്ദർശനത്തെ ശക്തമായി എതിർക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗെംഗ് ഷുവാങ് പറഞ്ഞു.
അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ്കുമാർ പറഞ്ഞു. ഇന്ത്യൻ നേതാവ് അരുണാചൽ സന്ദർശിക്കുന്നതിനെ എതിർക്കുന്നതു യുക്തിസഹമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.