ഇറാനിൽ തെരഞ്ഞെടുപ്പ്: യാഥാസ്ഥിതിക വിഭാഗത്തിനു മേൽക്കൈ
Friday, February 21, 2020 11:57 PM IST
ടെഹ്റാൻ: ഇറാനിൽ ഇന്നലെ നടന്ന പൊതു തെരഞ്ഞെടുപ്പിൽ യഥാസ്ഥിതിക വിഭാഗം തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സൂചന. ജനറൽ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതടക്കമുള്ള വിഷയങ്ങൾ യാഥാസ്ഥിതിക വിഭാഗത്തിനു ഗുണം ചെയ്തേക്കും.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള 11-ാം പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. 31 പ്രവിശ്യകളിലായി 290 സീറ്റുകളിലേക്ക് 16,033 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. മിതവാദികളും പരിഷ്കരണവാദികളുമായ ആയിരക്കണക്കിനു സ്ഥാനാർഥികൾ അയോഗ്യരാക്കപ്പെട്ടിരുന്നു.
പോളിംഗ് നിരക്ക് കുറവായിരിക്കുമെന്നാണു സൂചന. ദേശീയ താത്പര്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് വോട്ടു രേഖപ്പെടുത്തിയശേഷം ആവശ്യപ്പെട്ടു.
കൊറോണ വൈറസ് ബാധയുടെ പേരിലടക്കം തെരഞ്ഞെടുപ്പു തടസപ്പെടുത്താൻ പ്രതിവിപ്ലവകാരികൾ ശ്രമിക്കുകയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആരോപിച്ചു. വോട്ടിംഗിനുശേഷം വിരലിൽ പുരട്ടുന്ന മഷി വൈറസ് ബാധയ്ക്കിടയാക്കുമെന്ന പ്രചാരണമുണ്ടായിരുന്നു.
ഇറാനും വൻശക്തികളും തമ്മിലുള്ള ആണവകരാറിൽനിന്ന് യുഎസ് പിൻമാറിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. യുഎസിലെ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾ മൂലം ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു.
ഇറാനിലെ രണ്ടാമനെന്നറിയപ്പെട്ടിരുന്ന ജനറൽ സുലൈമാനിയെ യുഎസ് വധിച്ചത് ജനുവരി ആദ്യമാണ്. തെരഞ്ഞെടുപ്പിൽ ഈ വിഷയങ്ങളെല്ലാം യാഥാസ്ഥിതിക വിഭാഗത്തിനാവും ഗുണം ചെയ്യുക.
ഇറാൻ സൈനികർ അബദ്ധത്തിൽ പ്രയോഗിച്ച മിസൈൽ ഏറ്റ് യുക്രെയ്നിയൻ യാത്രാവിമാനം തകർന്ന് 176 പേർ മരിച്ച സംഭവവും പ്രചാരണ വിഷയമായിരുന്നു.