സൈനിക ബഹുമതിയോടെ മുബാറക്കിന് അന്ത്യവിശ്രമം
Thursday, February 27, 2020 12:11 AM IST
കയ്റോ: കഴിഞ്ഞ ദിവസം അന്തരിച്ച ഈജിപ്തിന്റെ മുൻ ഏകാധിപതി ഹോസ്നി മുബാറക്കിന്റെ അന്ത്യകർമങ്ങൾ സൈനിക ബഹുമതികളോടെ നടത്തി. മുപ്പതുവർഷം ഉരുക്കുമുഷ്ടിയോടെ ഈജിപ്തിൽ ഭരണം നടത്തിയ മുബാറക്ക് അറബ് വസന്തത്തിൽ കടപുഴകി വീഴുകയായിരുന്നു. ജനകീയ സമരത്തെത്തുടർന്നു ഭരണത്തിൽനിന്നു നിഷ്കാസിതനായ മുബാറക്കിനെതിരേ സമരത്തെ ചോരയിൽ മുക്കിക്കൊന്നതിനു കേസും ഉണ്ടായി.ഇതിനു പുറമേ അഴിമതിക്കേസുകളും. പിന്നീട് കുറ്റവിമുക്തനായ മുബാറക്ക് ശസ്ത്രക്രിയയെത്തുടർന്ന് സൈനിക ആശുപത്രിയിൽ വച്ചാണ് കഴിഞ്ഞദിവസം മരിച്ചത്.
കിഴക്കൻ കയ്റോയിലെ ടന്റാവി മോസ്കിലായിരുന്നു അന്ത്യകർമങ്ങൾ. മുബാറക് പുറത്തായശേഷം മുഹമ്മദ് മുർസി അധികാരത്തിലെത്തുന്നതുവരെയുള്ള കാലഘട്ടത്തിൽ ഈജിപ്ഷ്യൻ സൈനിക കൗൺസിലിനു നേതൃത്വം നൽകിയ ഹുസൈൻ ടന്റാവിയുടെ പേരിൽ നിർമിച്ച മോസ്കാണിത്.
ഈജിപ്ഷ്യൻ പ്രസിഡന്റ് അൽസിസി അന്ത്യകർമങ്ങളിൽ സംബന്ധിച്ചു. കബറടക്കം മുബാറക്ക് അവസാനകാലത്ത് താമസിച്ചിരുന്ന ഹീലിയാപൊളീസിൽ നടത്തി.