ഒമാൻ തലസ്ഥാനം സന്പൂർണ ലോക്ക്ഡൗണിലേക്ക്
Thursday, April 9, 2020 12:13 AM IST
മസ്കറ്റ്: ഒമാന് തലസ്ഥാന നഗരമായ മസ്കറ്റ് സന്പൂർണ ലോക്ക്ഡൗണിലേക്ക്. വെള്ളിയാഴ്ച തുടങ്ങി ഏപ്രിൽ 22 വരെ മസ്കറ്റിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും കർശനമായി തടയുമെന്ന് ഒമാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവരിൽ നല്ലൊരു ഭാഗം മസ്കറ്റിൽ നിന്നുള്ളവരായതിനാലാണ് കോവിഡ് പ്രതിരോധത്തിനായി രൂപംകൊണ്ട സുപ്രീം കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്.
ഇന്നലെ ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 419 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 46 പേരിൽ 41 പേരും മസ്കറ്റിൽനിന്നുള്ളവരാണ്. രോഗനിർണയം നടത്തിയ 419ൽ 334 പേരും തലസ്ഥാനമായ മസ്കറ്റ് മേഖലയിൽനിന്നാണ്.
സ്വദേശി വിദേശി വ്യത്യാസമില്ലാതെ കോവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽസയിദി പറഞ്ഞു. രാജ്യത്തെ പ്രവാസി സമൂഹത്തിനിടയിൽ രോഗം വ്യാപിക്കുന്നത് ആശങ്കയോടെയാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന രോഗബാധിതർ ചികിത്സ തേടാൻ മുന്പോട്ടുവരില്ലെന്നുള്ളത് ഗൾഫ് രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും നേരിടുന്ന ഭീഷണിയാണ്. രാജ്യത്ത് മാസാവസാനത്തോടെ രോഗം പകരുന്നത് പാരമ്യത്തിലെത്തുമെന്ന് ആരോഗ്യമന്ത്രാലയം കണക്കുകൂട്ടുന്നു. ചൈനയിൽനിന്നുള്ള പരിശോധനാ കിറ്റുകൾ എത്തിയിട്ടുള്ളത് കൂടുതൽ പേരെ പരിശോധിക്കാൻ സഹായിക്കും.
സേവ്യർ കാവാലം