അയർലൻഡിൽ കോവിഡ് കുറയുന്നു; ഇന്ത്യക്കാരുടെ മടക്കം അടുത്തയാഴ്ച
Saturday, May 23, 2020 12:03 AM IST
ഡബ്ലിൻ: കാൽലക്ഷത്തോളം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കോവിഡ് വൈറസ് വ്യാപന നിരക്ക് അയർലൻഡിൽ ആശ്വാസകരമായ സ്ഥിതിയിലേക്ക്. വിവിധ പ്രോവിൻസുകളിലായി നിലവിൽ രണ്ടായിരം പേർ മാത്രമാണ് ചികിത്സയിൽ. കോവിഡ് ബാധിതരാകുന്നവരുടെ ദിവസത്തോത് 50ൽ താഴെയെത്തുകയും ചെയ്തു. രോഗവ്യാപനം തീവ്രതയിലെത്തിയ ഏപ്രിൽ രണ്ടാം വാരം ദിവസം 800 പേർ വരെ കോവിഡ് ബാധിതരായിരുന്നു. 1,600 പേർ മരിച്ചു. 45 ലക്ഷം ജനങ്ങൾ വസിക്കുന്ന അയർലൻഡിൽ മൂന്നു മാസത്തിനുള്ളിൽ സാധാരണനിലയിലേക്കു ജനജീവിതം എത്തുമെന്നാണ് പ്രതീക്ഷ.
മൂന്നു മാസത്തിനുള്ളിൽ വിവിധയിടങ്ങളിലായി 550 മലയാളികളും കോവിഡ് ബാധിതരായി. നിലവിൽ ആരുടെയും നില ഗുരുതരമല്ല.
തുടക്കഘട്ടത്തിൽ ചികിത്സാ സാമഗ്രികൾക്കും പ്രതിരോധ സംവിധാനത്തിനുമുണ്ടായ കുറവുകളാണ് രോഗവ്യാപനം ശക്തമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. രോഗബാധിതരായ ഹെൽത്ത് സ്റ്റാഫിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിട്ടുണ്ട്.
വാഹനഗതാഗതം നിയന്ത്രിതതോതിൽ ആരംഭിച്ചു. ബാറുകൾ തുറക്കാൻ മൂന്നു മാസമെങ്കിലും വൈകും. ബാറുകൾ റസ്റ്ററന്റകളാക്കി മാറ്റാൻ അനുമതിയായിട്ടുണ്ട്. ലോക്ക് ഡൗണ് അവസാനിക്കാൻ മൂന്നു മാസം വേണ്ടിവരുമെന്നും ഇതിനു ശേഷമേ ബാറും പബ്ബുകളും തുറക്കൂ എന്നാണ് സൂചന.
സന്ദർശക വീസയിലെത്തി കുടുങ്ങിപ്പോയവരെ മടക്കിക്കൊണ്ടുപോകാൻ വിവിധ രാജ്യങ്ങളുടെ പ്രത്യേക വിമാനങ്ങൾ അയർലൻഡിൽ എത്തുന്നുണ്ട്. 26നും 28നും രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡബ്ലിനിൽനിന്നും കൊച്ചി ഉൾപ്പെടെ ഇന്ത്യൻ കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തും. ആഭ്യന്തര വിമാന സർവീസ് അടുത്ത മാസം പകുതിയോടെ തുടങ്ങിയേക്കും.
ദേവാലയങ്ങൾ തുറക്കാൻ സഭാധികാരികൾ ഗവണ്മെന്റിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽ വരുംമാസങ്ങളിൽ തൊഴിൽ പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
രാജു കുന്നക്കാട്ട്