ലോക്ക് ഡൗൺ ലംഘനം: ജോൺസന്റെ പാർട്ടിയിലെ 39 എംപിമാർ കലാപത്തിന്
Wednesday, May 27, 2020 11:36 PM IST
ലണ്ടൻ: ലോക്ക് ഡൗൺ നിയമം ലംഘിച്ച ഉപദേഷ്ടാവ് ഡോമിനിക് കമിംഗ്സിനെ നീക്കം ചെയ്യാൻ പ്രധാനമന്ത്രി ബോറീസ് ജോൺസൻ തയാറാവണമെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ 39 എംപിമാർ ആവശ്യപ്പെട്ടു.
ജനങ്ങൾ ലോക്ഡൗൺ നിയമം പാലിച്ച് വീട്ടിൽ ഇരുന്നപ്പോൾ കമിംഗ്സ് 400 കിലോമീറ്റർ ദൂരം കാറിൽ യാത്ര ചെയ്ത് കുടുംബവീട്ടിൽ പോയതാണ് വിവാദമായത്. നാലുവയസുള്ള മകനെ വീട്ടിലാക്കാനാണു പോയതെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും കമിംഗ്സ് വിശദീകരിച്ചെങ്കിലും എംപിമാർ പ്രക്ഷോഭപാതയിലാണ്. ജൂണിയർ മന്ത്രി ഡഗ്ളസ് റോസ് രാജിവച്ചു. എന്നാൽ ഉപദേഷ്ടാവിനെ ന്യായീകരിക്കാനാണു ജോൺസൻ ശ്രമിച്ചത്. കമിംഗ്സ് നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണെന്നു റിപ്പോർട്ടുണ്ട്.
പ്രതിപക്ഷ ലേബർ പാർട്ടിയും കമിംഗ്സിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സത്വര നടപടി വേണമെന്ന് ഇന്ത്യൻ വംശജരായ ലിസാ നന്ദി, വീരേന്ദ്ര ശർമ എന്നീ എംപിമാർ നിർദേശിച്ചു.