യുഎസിൽ കാൽ കോടി പിന്നിട്ടു
Monday, June 29, 2020 12:32 AM IST
വാഷിംഗ്ടൺ ഡിസി: ലോകത്ത് കൊറോണ വൈറസ് ബാധിതർ ഒരു കോടി പിന്നിട്ടതിനു പിന്നാലെ, അമേരിക്കയിലെ രോഗികളുടെ എണ്ണം 26 ലക്ഷമായി. ഫ്ലോറിഡയും ടെക്സസും അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിലാണ് രോഗം വ്യാപകമായി പടരുന്നത്. ഇരു സംസ്ഥാനങ്ങളിലും ഇളവുകൾ പിൻവലിച്ച് നിയന്ത്രണം കർശനമാക്കാൻ നടപടികൾ ആരംഭിച്ചു.
ഫ്ലോറിഡയിൽ ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 9500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചത്തെ ഒന്പതിനായിരത്തിന്റെ റിക്കാർഡാണു മറികടന്നത്.
ലോക്ക് ഡൗൺ ഇളവുകൾ നല്കിയതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം വർധിച്ചുതുടങ്ങിയത്. ഇളവുകൾ നല്കിയത് അല്പം നേരത്തേ ആയിപ്പോയെന്ന് കൊറോണ വിഷയത്തിൽ യുഎസ് സർക്കാരിന്റെ ഉപദേശകനായ ഡോ. അന്തോണി ഫൗസി ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ജനം മാർഗനിർദേശങ്ങൾ പാലിക്കാൻ വിമുഖത കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഫ്ലോറിഡ, അരിസോണ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ ഒഴിവാക്കുന്നതായി റിപ്പോർട്ടുണ്ട്. കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മേധാവിയും വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസാണ് ഇതിനു നിർദേശം നല്കിയതെന്നും പറയപ്പെടുന്നു.
ഫ്ലോറിഡയിലെ ബാറുകളിൽ മദ്യം വിളന്പുന്നത് നിരോധിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഗവർണർ റോൺ ഡിസാന്റിസ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മയാമി നഗരത്തിൽ മാസ്ക് വയ്ക്കാത്തവരിൽനിന്നു പിഴ ഇടാക്കിത്തുടങ്ങി.
ടെക്സസിൽ ബാറുകൾ അടയ്ക്കാനും റസ്റ്ററന്റിലെ ഇരിപ്പിടങ്ങളിൽ 50 ശതമാനം ഒഴിവാക്കാനും ഗവർണർ ഗ്രെഗ് ആബട്ട് നിർദേശം നല്കി.
ലോകത്ത് കോവിഡ് കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത് യുഎസാണ്. രോഗികളുടെ എണ്ണം ഇന്നലെ 26.15 ലക്ഷത്തിലെത്തി. മരണം 1.28 ലക്ഷത്തിനു മുകളിലും.