കർതാർപുർ ഇടനാഴി തുറന്നു, ഇന്ത്യയിൽനിന്ന് ആരും എത്തിയില്ല
Monday, June 29, 2020 11:10 PM IST
ലാഹോർ: കോവിഡ് ഭീതിയെത്തുടർന്ന് അടച്ചിട്ട കർതാർപുർ തീർഥാടന ഇടനാഴി മൂന്നുമാസത്തിനുശേഷം പാക്കിസ്ഥാൻ തുറന്നു. ഇന്ത്യയിൽനിന്ന് ആരുംതന്നെ ഇന്നലെ കർതാർപുർ സാഹിബ് ഗുരുദ്വാരയിലെത്തിയില്ല.
മഹാരാജ രജനീത് സിംഗിന്റെ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായാണ് ഇടനാഴി തുറക്കുന്നതെന്ന് ഇവാക്വി ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡും പാക്കിസ്ഥാൻ സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, തീർഥാടനം അനുവദിക്കുന്നതിന് ഏഴുദിവസം മുന്പ് ഇരുരാജ്യങ്ങളും ഇതംഗീകരിക്കണമെന്ന് ഉഭയകക്ഷി ധാരണയുണ്ട്. ഇന്ത്യയെ ഇതുവരെ ഇക്കാര്യം പാക്കിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാർച്ച് 16നാണ് കർതാർപുർ തീർഥാടനം ഇന്ത്യ താത്കാലികമായി നിർത്തിവച്ചത്.