അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം; 23 മരണം
Monday, June 29, 2020 11:10 PM IST
കാബൂൾ: ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ മാർക്കറ്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിലും മോർട്ടാർ ഷെൽ ആക്രമണത്തിലും കുട്ടികളുൾപ്പെടെ 23 പേർ മരിച്ചു. സാൻഗിൻ ജില്ലയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ സൈന്യവും താലിബാനും പരസ്പരം ആരോപിച്ചു.
താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഭീകരാക്രമണമുണ്ടായത്. പ്രവിശ്യാ ഗവർണർ ജനറൽ മുഹമ്മദ് യാസിൻ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. അഫ്ഗാൻ സൈന്യമാണ് മോർട്ടാറുകൾ ഉപയോഗിച്ച് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് ക്വാരി യൂസഫ് പറഞ്ഞു.
എന്നാൽ, താലിബാൻ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാൻ സൈന്യം വാദിച്ചു. മാർക്കറ്റ് പരിസരത്ത് സൈന്യത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും കാർ ബോംബ് സ്ഫോടനത്തിൽ താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നും സൈന്യം പറഞ്ഞു. മാർക്കറ്റിൽ വില്പനയ്ക്കായി എത്തിച്ച ആടുമാടുകളും സ്ഫോടനത്തിൽ ചത്തു.