നേപ്പാൾ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ഭരണപക്ഷം
Tuesday, June 30, 2020 11:26 PM IST
കാഠ്മണ്ഡു: ഇന്ത്യയെക്കുറിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധവുമായി ഭരണപാർട്ടിയിലെ നേതാക്കൾ. ഒലി പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആവശ്യമുയർന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന പാർട്ടി യോഗത്തിൽ മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡ, ഒലിക്കെതിരേ ആഞ്ഞടിച്ചു.
പ്രധാനമന്ത്രി സ്ഥാനത്തുനിന്നുതന്നെ നീക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനു രാഷ്ട്രീയമായോ നയതന്ത്രപരമായോ കൃത്യതയില്ലെന്ന് ഒലി കഴിഞ്ഞദിവസം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇത്തരം പ്രസ്താവന അയൽരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നു പ്രചണ്ഡ പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ ഭൂപടം പരിഷ്കരിക്കുന്നതിനു പാർലമെന്റ് അംഗീകാരം നൽകിയിരുന്നു.
ഒലിയുടെ ആരോപണത്തിന്റെ തെളിവ് ഹാജരാക്കണമെന്നും അധികാരത്തിൽനിന്നു പുറത്തുപോകണമെന്നും പാർട്ടി യോഗത്തിൽ മുതിർന്ന നേതാക്കളായ മാധവ് കുമാർ നേപ്പാൾ, ജലനാഥ് ഖനാൽ, വൈസ് ചെയർമാൻ ബാംദേവ് ഗൗതം, വക്താവ് നാരായൺകാജി ശേഷ്ഠ എന്നിവരും ആവശ്യപ്പെട്ടു.