എത്യോപ്യയിൽ കലാപം; 80 മരണം
Friday, July 3, 2020 12:00 AM IST
ആഡീസ് അബാബ: പ്രമുഖ സംഗീതജ്ഞൻ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് എത്യോപ്യയിലുണ്ടായ കലാപത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം 80 ആയി. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിലെ സ്ഥിരം ശബ്ദമായിരുന്ന വാച്ചലു ഹുണ്ടേസ ആഡീസ് അബാബയിൽ തിങ്കളാഴ്ചയാണു കൊല്ലപ്പെട്ടത്. 2018 ൽ ഹുണ്ടേസയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണു രാജ്യത്ത് അധികാരമാറ്റമുണ്ടാക്കിയത്.
കലാപകാരികൾ ഓറോമിൽ മൂന്ന് സ്ഫോടനം നടത്തി. കെട്ടിടങ്ങൾക്കും കാറുകൾക്കും നാശം വരുത്തി. കലാപത്തെത്തുടർന്ന് എത്യോപ്യയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനം റദ്ദാക്കി.
കലാപം പ്രധാനമന്ത്രി അബി അഹമ്മദിനു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2018ൽ അധികാരമേറ്റ അഹമ്മദ് വ്യാപകമായി രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ഗായകന്റെ മൃതസംസ്കാരം വ്യാഴാഴ്ച സ്വദേശമായ അംബോയിൽ കനത്ത സുരക്ഷയിൽ നടത്തി. ചടങ്ങുകൾ ദേശീയ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.