മ്യാൻമറിൽ ഖനിയപകടം; 162 മരണം
Friday, July 3, 2020 12:00 AM IST
യാങ്കൂൺ: വടക്കൻ മ്യാൻമറിലെ ജേഡ് (പച്ചക്കല്ല്) ഖനിയിൽ മണ്ണിടിച്ചിലിൽ 162 പേർ മരിച്ചു. കാചിൻ സംസ്ഥാനത്തെ ഹുപകാന്തിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. 162 പേരുടെ മൃതദേഹം പുറത്തെടുത്തതായി വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. കനത്ത മഴയില്‍ കല്ലുകള്‍ ശേഖരിച്ചിരിക്കുന്നവരുടെ മുകളിലേക്ക് മണ്ണും പാറകളും ഇടിഞ്ഞു വീഴുകയായിരുന്നു.
മൃതദേഹങ്ങൾ മണ്ണിനടിയിൽ പുതഞ്ഞ നിലയിലായിരുന്നു. മ്യാൻമർ അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ പരിക്കേറ്റ 54 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ജനപ്രതിനിധി ഖിൻ മൗഗ് മിന്റ് പറഞ്ഞു. യാങ്കൂണിൽനിന്ന് 950 കിലോമീറ്റർ വടക്ക് ദിശയിൽ കാചിൻ സംസ്ഥാനത്താണ് ഹുപാകാന്ത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ജേഡ് വ്യവസായത്തിന്റെ കേന്ദ്രമാണ് ഈ പ്രദേശം.
മഴ കനത്തതോടെ ഖനിയില്‍ ജോലിക്കു പോകരുതെന്ന് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി പോലീസ് പറഞ്ഞു. അടുത്തകാലത്ത് മ്യാൻമറിലെ ഖനിയിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ്. 2015 നവംബറിലുണ്ടായ അപകടത്തിൽ 113 പേരാണ് മരിച്ചത്. അന്ന് ഖനിതൊഴിലാളികൾ ഉറങ്ങിക്കിടന്നിരുന്ന ടെൻഡിനു മുകളിലേക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു.
വൻകിടക്കാരുടെ ഉടമസ്ഥതയിലാണ് ജേഡ് ഖനികൾ പ്രവർത്തിക്കുന്നത്. കുടിയേറ്റക്കാരാണ് ഭൂരിഭാഗം തൊഴിലാളികളും. അസംഘടിത തൊഴിൽമേഖലയായതിനാൽ എത്രപേർ ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതരുടെ പക്കൽ കൃത്യമായ കണക്കുകളില്ല.