വെടിനിർത്തൽ: യുഎന്നിന് മാർപാപ്പയുടെ അഭിനന്ദനം
Monday, July 6, 2020 12:24 AM IST
വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതി ന് ആഗോളതലത്തിൽ വെടിനിർത്തൽ നടപ്പിലാക്കാൻ യുഎൻ രക്ഷാസമിതി നടത്തിയ പരിശ്രമത്തെ ഫ്രാൻസിസ് മാർപാപ്പ അഭിനന്ദിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച സന്ദേശത്തിനിടെയാണു മാർപാപ്പ യുഎന്നിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചത്.
വെടിനിർത്തലിന് ആഹ്വാനം ചെയ്തതോടെ, അടിയന്തരമായ അത്യന്താപേക്ഷിത സേവനങ്ങൾ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ചെയ്യാൻ സാധിച്ചെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനുള്ള ധീരമായ ആദ്യനടപടിയാണ് രക്ഷാസമിതിയുടെ പ്രമേയം എന്നും മാർപ്പാപ്പ പറഞ്ഞു. കോവിഡ്-19 മഹാമാരിയെത്തുടർന്ന് മെഡിക്കൽ സേവനം ഉൾപ്പെടെയുള്ളവ നടത്താൻ ആഗോളതലത്തിൽ 90 ദിവസം വെടിനിർത്താൻ യുഎൻ രക്ഷാസമിതി രാജ്യങ്ങൾക്ക് ആഹ്വാനം നൽകിയിരുന്നു.