പാക്ക് വിമാന സർവീസുകൾ യുഎസ് നിരോധിച്ചു
Saturday, July 11, 2020 12:03 AM IST
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസി(പിഐഎ)ന്റെ ചാർട്ടർ സർവീസുകൾ യുഎസ് നിരോധിച്ചു. ചാർട്ടർ സർവീസുകൾ നടത്താൻ ഒന്നിനു നല്കിയ അനുമതി റദ്ദാക്കുന്നതായി യുഎസ് ട്രാൻസ്പോർട്ടേഷൻ വകുപ്പ് അറിയിച്ചു.
പാക്കിസ്ഥാനിലെ പൈലറ്റുമാരുടെ യോഗ്യത സംബന്ധിച്ച ആശങ്കകൾ കാരണമാണ് തീരുമാനം. രാജ്യത്തെ 860 പൈലറ്റുമാരിൽ 260 പേരും അനധികൃതമായി പരീക്ഷ ജയിച്ചു കയറിക്കൂടിയവരാണെന്ന് പാക്കിസ്ഥാൻതന്നെ നേരത്തെ അറിയിച്ചിരുന്നു. 97 പേർ മരിച്ച കറാച്ചി വിമാനദുരന്തത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നേരത്തേ യൂറോപ്യൻ യൂണിയനും യുഎസിന്റേതിനു സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.