കസാക്കിസ്ഥാനിൽ കോവിഡിനേക്കാൾ മാരകമായ ന്യുമോണിയ: ചൈന
Saturday, July 11, 2020 12:03 AM IST
ബെയ്ജിംഗ്/അൽമാട്ടി: കോവിഡിനേക്കാൾ മാരകമായ ന്യൂമോണിയ കസാക്കിസ്ഥാനിൽ പടരുന്നതായി ചൈന. അജ്ഞാതമായ ഈ രോഗം മൂലം ജനുവരി- ജൂൺ കാലയളവിൽ 1,772 പേർ മരിച്ചു. ജൂണിൽ മാത്രം 628 മരണങ്ങളുണ്ടായത്രേ. ഇതിൽ ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നു.
കസാക്കിസ്ഥാനിലെ ചൈനീസ് എംബസിയാണ് ഇക്കാര്യം പ്രസ്താവനയിൽ പറഞ്ഞത്. ഇതു വ്യാജവാർത്തയാണെന്നു കസാക്കിസ്ഥാൻ പ്രതികരിച്ചു.
ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പു നല്കിക്കൊണ്ടാണ് എംബസി ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കിയത്. കോവിഡിനേക്കാൾ മരണനിരക്ക് കൂടിയ രോഗമാണിത്. കസാക്ക് ആരോഗ്യമന്ത്രാലയവും മറ്റ് ഏജൻസികളും രോഗത്തെക്കുറിച്ച് വിശദപഠനം നടത്തിവരുന്നു. കോവിഡുമായി ഈ രോഗത്തിനു ബന്ധമില്ലെന്നാണു സൂചന. കസാക്കിസ്ഥാനിലെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനമാക്കിയാണു പ്രസ്താവനയെന്നു പറയുന്നുണ്ട്. ചൈനീസ് എംബസി വ്യാജ വാർത്ത പുറത്തുവിടുകയാണെന്നു കസാക്ക് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
ഇതിനിടെ, രോഗം നേരിടുന്നതിന് കസാക്കിസ്ഥാനെ സഹായിക്കാൻ തയാറാണെന്നു ചൈനീസ് വിദേശമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ ബെയ്ജിംഗിൽ പറഞ്ഞു.
ചൈനയുടെ സിൻജിയാംഗ് പ്രവിശ്യ കസാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്നുണ്ട്. കസാക്കിസ്ഥാനിൽ 54,747 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 264.