യുഎസിന്റേത് അനധികൃത നടപടിയെന്നു ചൈന
Sunday, July 26, 2020 12:30 AM IST
ബെയ്ജിംഗ്: ഹൂസ്റ്റണിലെ ചൈനീസ് കോൺസലേറ്റിനുള്ളിൽ യുഎസ് നിയമവകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി കടന്നുകയറുകയായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. കോൺസലേറ്റ് ജനറൽ ഓഫീസിൽ ബലം പ്രയോഗിച്ച് കടന്നുകയറിയ നടപടിയിൽ ശക്തമായി എതിർപ്പ് അറിയിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രശ്നത്തിൽ ചൈന അനുയോജ്യമായ മറുപടി നൽകും. ഹൂസ്റ്റണിലെ കോൺസലേറ്റ് ഓഫീസ് ചൈനയുടെ ഉടമസ്ഥതയിലുള്ളതാണെന്നും നയതന്ത്ര കരാർ അനുസരിച്ച് യുഎസ് ഉദ്യോഗസ്ഥർക്ക് കടക്കാൻ അവകാശമില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുകയും ചെയ്തു.
വ്യാപാരം, സാങ്കേതിക വിദ്യ, ഹോങ്കോംഗ് പ്രശ്നം, മുസ്ലിം വിശ്വാസികൾക്കുനേരെയുള്ള ചൈനയുടെ പീഡനം തുടങ്ങിയ വിഷയങ്ങളുടെ പേരിൽ യുഎസുമായുള്ള ബന്ധം തീർത്തും വഷളായ സാഹചര്യത്തിലാണ് ഹൂസ്റ്റൺ സംഭവം.