യുഎസ് ഉദ്യോഗസ്ഥർ പൂട്ടുപൊളിച്ച് ചൈനീസ് കോൺസലേറ്റിൽ കടന്നു
Sunday, July 26, 2020 12:30 AM IST
വാഷിംഗ്ടൺ ഡിസി: അടച്ചുപൂട്ടാൻ നിർദേശിച്ച ഹൂസ്റ്റണിലെ ചൈനീസ് കോൺസലേറ്റിനുള്ളിൽ യുഎസ് നിയമവകുപ്പ് ഉദ്യോഗസ്ഥർ കടന്നു. പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. കോൺസലേറ്റ് 72 മണിക്കൂറിനകം പൂട്ടാനാണ് ചൊവ്വാഴ്ച യുഎസ് വിദേശകാര്യവകുപ്പ് നിർദേശിച്ചത്. ഈ സമയം അവസാനിച്ചശേഷമാണ് ഉദ്യോഗസ്ഥർ കോൺസലേറ്റിലെത്തിയത്. പൂട്ടുപൊളിക്കാനുള്ള ആളുകളടക്കം വിവിധ വാഹനങ്ങളിലെത്തി. ജനക്കൂട്ടവും മാധ്യമപ്രവർത്തകരും സ്ഥലത്തു തടിച്ചുകൂടിയിരുന്നു.
ടെക്സസിലെ ഒരു ഗവേഷണസ്ഥാപനത്തിലെ വിവരങ്ങൾ ചോർത്തപ്പെട്ടതിൽ ഹൂസ്റ്റൺ കോൺസലേറ്റിനു പങ്കുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കോൺസലേറ്റിലെ ഉദ്യോഗസ്ഥർ ഗവേഷകരുമായി ബന്ധപ്പെടുകയും മോഷ്ടിക്കേണ്ട വിവരങ്ങളെക്കുറിച്ച് നിർദേശം നല്കുകയും ചെയ്തു.
യുഎസിന്റെ ബൗദ്ധികസ്വത്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ച സാഹര്യത്തിലാണ് കോൺസലേറ്റ് പൂട്ടാൻ നിർദേശിച്ചതെന്ന് യുഎസ് വിദേശകാര്യ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നതാണ്.
അതേസമയം ചൈന ഇതേ നാണയത്തിൽ യുഎസിനു തിരിച്ചടി നല്കിയിട്ടുണ്ട്. ചെംഗ്ഡുവിലെ യുഎസ് കോൺസലേറ്റ് പൂട്ടാൻ അവർ കഴിഞ്ഞദിവസം നിർദേശിച്ചു.