യുഎസ്-ചൈന ശത്രുത; വ്യാപാരം, സുരക്ഷ മേഖലകളിൽ ആശങ്ക
Wednesday, July 29, 2020 12:21 AM IST
ബെയ്ജിംഗ്: യുഎസ്-ചൈന ശത്രുത ലോകസാന്പത്തിക വ്യവസ്ഥതയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ. വ്യാപാരം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയിൽ തിരിച്ചടി നേരിട്ടേക്കാം. ഹൂസ്റ്റണിലെ ചൈനീസ് കോൺസലേറ്റ് അടപ്പിച്ചതിനു പിന്നാലെ ദക്ഷിണപടിഞ്ഞാറൻ ചൈനയിലെ ചെങ്ഡുവിലെ യുഎസ് കോൺസലേറ്റ് അടപ്പിച്ചതോടെ ഇരു പക്ഷവും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തി.
2018 മുതൽ തുടരുന്ന യുഎസ്-ചൈന വ്യാപാരയുദ്ധം ഇരു പക്ഷത്തിനും കനത്ത സാന്പത്തിക നഷ്ടമാണുണ്ടാക്കിയത്. ചൈനീസ് ഉത്പന്നങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നികുതി ഏർപ്പെടുത്തിയാണ് വ്യാപാര യുദ്ധത്തിനു വഴിതെളിച്ചത്. ചൈനീസ് ഉത്പനങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായിരുന്നു യുഎസ്. യുഎസിൽനിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതിലും ഇക്കാലയളവിൽ വൻ ഇടിവുണ്ടായി. വൻകിട യുഎസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റായിരുന്നു ചൈന. ഈമേഖലയിലും കനത്ത നഷ്ടമാണ് നേരിടുന്നത്.