വാക്സിൻ വികസിപ്പിച്ചത് ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധമന്ത്രാലയവും
Wednesday, August 12, 2020 12:25 AM IST
മോസ്കോ: ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധമന്ത്രാലയവും സംയുക്തമായാണു വാക്സിൻ നിർമിച്ചത്. ശരീരത്തു കുത്തിവയ്ക്കുന്ന രണ്ട് സംയുക്തങ്ങൾ അടങ്ങുന്നതാണ് വാക്സിൻ. ഈ സംയുക്തങ്ങൾ വൈറസിനെതിരേ ദീർഘനാളത്തേക്കു പ്രതിരോധശേഷി നൽകും. ജൂൺ 18ന് 38 പേർക്കു നൽകിയാണു വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത് ആരംഭിച്ചത്.
വാക്സിനെക്കുറിച്ചുള്ള ദൈന്യംദിന റിപ്പോർട്ടുകൾ പുറത്തുവിടാൻ സ്പുട്നിക് -5 എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. വാക്സിനെതിരേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാജപ്രചാരണങ്ങൾ ആരംഭിച്ചതിനെത്തുടർന്നാണു നടപടിയെന്ന് അധികൃതർ അറിയിച്ചു. 2021 ജനുവരി ഒന്നു മുതൽ പൊതുജനങ്ങൾക്കു വാക്സിൻ നൽകുമെന്ന് രജിസ്ട്രാർ ഓഫ് ഫാർമസ്യൂട്ടിക്കൽ അറിയിച്ചു.
12 മാസത്തിനുള്ളിൽ 50 ലക്ഷം ഡോസ് സ്പുട്നിക്-5 വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് ആർഡിഐഎഫ് സിഇഒ കിറിൽ ദിമിത്രീവ് പറഞ്ഞു. യുഎഇ, സൗദി, ഫിലിപ്പീൻസ് രാജ്യങ്ങളിൽ മനുഷ്യരിൽ പരീക്ഷണം നടത്തും.
ഇതിനിടെ, വാക്സിൻ പരീക്ഷണത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യസംഘടന ഒരാഴ്ച മുന്പ് റഷ്യയോട് ആവശ്യപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള ആറ് വാക്സിനുകളിൽ റഷ്യയുടെ വാക്സിനില്ലെന്നും റിപ്പോർട്ടുണ്ട്.