ബെയ്റൂട്ടിൽ തീപിടിത്തം
Friday, September 11, 2020 12:07 AM IST
ബെയ്റൂട്ട്: ലെബനീസ് തലസ്ഥാനത്തെ തുറമുഖത്ത് വൻ തീപിടിത്തം. ഒരു മാസം മുന്‍പുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ കെടുതികളിൽനിന്ന് ഇതുവരെ മോചിതരാകാത്ത ബെയ്റൂട്ട് വാസികൾ ഇന്നലത്തെ തീപിടിത്തത്തിൽ പരിഭ്രാന്തരായി.
തുറമുഖത്തെ ഡ്യൂട്ടിഫ്രീ മേഖലയിൽ എണ്ണയും ടയറും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞമാസം നാലിനുണ്ടായ ഉഗ്രസ്ഫോടനത്തിൽ 190 പേർ കൊല്ലപ്പെടുകയും 6,500 പേർക്കു പരിക്കേൽക്കുകയും മൂന്നു ലക്ഷം പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. തുറമുഖത്തെ ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി ഹസൻ ദിയാബിന്റെ മന്ത്രിസഭയ്ക്കു രാജിവയ്ക്കേണ്ടിയും വന്നു.