ഒക്ടോബർ മൂന്നിന് മാർപാപ്പ പുതിയ ചാക്രികലേഖനം ഒപ്പുവയ്ക്കും
Saturday, September 12, 2020 12:00 AM IST
വത്തിക്കാൻ സിറ്റി: ഒക്ടോബർ മൂന്നിന് ഫ്രാൻസിസ് മാർപാപ്പ അസീസിയിൽ വച്ച് ‘ഫ്രത്തേല്ലി തൂത്തി (എല്ലാവരും സഹോദരർ)’ എന്ന പേരുള്ള പുതിയൊരു ചാക്രികലേഖനം പുറപ്പെടുവിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. മനുഷ്യരെല്ലാവരും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്നതിൽനിന്നുളവാകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാന്പത്തിക ചുമതലകളാണ് ചാക്രികലേഖനത്തിന്റെ ഉള്ളടക്കം.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സാഹോദര്യസങ്കല്പത്തിൽനിന്നു പ്രചോദനം സ്വീകരിച്ച് പാപ്പാ തയാറാക്കുന്ന ചാക്രികലേഖനം ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ മാനവകുടുംബത്തിനു മാർഗനിർദേശം നല്കുമെന്ന് അസീസിയിലെ ഫ്രാൻസിസ്കൻ ആശ്രമാധിപൻ ഫാ. മൗറോ ഗാബെത്തി പറഞ്ഞു.
ഒക്ടോബർ മൂന്നിന് അസീ സിയിൽ എത്തുന്ന പാപ്പ വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കും. ഫ്രാൻസിസ് പാപ്പായുടെ ഇഷ്ടവിഷയങ്ങളായ മനുഷ്യസാഹോദര്യം, മനുഷ്യന്റെ തുല്യതയും മഹത്വവും, പാവങ്ങളോടുള്ള പക്ഷംചേരൽ, മനുഷ്യന്റെ കൂട്ടായ്മ മുതലായവ ചാക്രികലേഖനത്തിൽ കൈകാര്യം ചെയ്യും. പരിസ്ഥിതി സംരക്ഷണവും സമാധാന സംസ്ഥാപനത്തിനുള്ള ചുമതലയുമാണ് മറ്റു രണ്ടു വിഷയങ്ങൾ. ഒക്ടോബർ ആദ്യവാരത്തിൽതന്നെ വിവിധ ഭാഷകളിൽ ചാക്രികലേഖനം സംലഭ്യമാകുമെന്നാണു പ്രതീക്ഷ.