ആബെയുടെ പിൻഗാമിയെ ഇന്നു തെരഞ്ഞെടുക്കും
Sunday, September 13, 2020 11:59 PM IST
ടോക്കിയോ: ജപ്പാനിൽ ആരോഗ്യപരമായ കാരണങ്ങളാൽ പ്രധാനമന്ത്രിപദം ഒഴിയുന്ന ആബെ ഷിൻസോയുടെ പിൻഗാമിയെ കണ്ടെത്താനായി ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇന്നു തെരഞ്ഞെടുപ്പ്.
ആബെയുടെ വിശ്വസ്തനും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിഡെ സുഗയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. പാർട്ടിക്കുള്ളിൽ ആബെയുടെ എതിരാളിയും മുൻ പ്രതിരോധമന്ത്രിയുമായ ഷിഗേരു ഇഷിബ, ആബെയുടെ പിൻഗാമിയാകുമെന്നു മുന്പു പറഞ്ഞുകേട്ടിരുന്ന മുൻ വിദേശകാര്യ മന്ത്രി ഫുമിയോ കിഷിഡ എന്നിവരും മത്സരിക്കുന്നുണ്ട്.
ദീർഘകാലമായി അലട്ടുന്ന ഉദരരോഗം മൂലമാണ് ആബെ കഴിഞ്ഞമാസം രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ നയങ്ങൾ തുടർന്നും പുലർത്താൻ സുഗയ്ക്കു കഴിയുമെന്നു വിലയിരുത്തപ്പെടുന്നു. ചൈനയോടുള്ള നിലപാടുകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയാറാവില്ലെന്നു സുഗെ കഴിഞ്ഞദിവസം പറയുകയുണ്ടായി.
ഇന്നത്തെ തെരഞ്ഞെടുപ്പിൽ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാൾ ബുധനാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രിപദം ഏറ്റെടുക്കും.