ബുക്കറിന് ഇന്ത്യൻ വംശജ അവനി ദോഷിയും
Tuesday, September 15, 2020 11:19 PM IST
ലണ്ടൻ: 2020ലെ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജയായ ഏഴുത്തുകാരി അവനി ദോഷിയും. ഇവർ അടക്കം നാലു വനിതകളും രണ്ടു പുരുഷന്മാരും ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക ഇന്നലെ ജൂറി പുറത്തുവിട്ടു.
അവനിയുടെ പ്രഥമ നോവലായ ബേൺഡ് ഷുഗർ ആണ് പരിഗണിക്കുന്നത്. ഡയാൻ കുക്ക്(ദ ന്യൂ വിൽഡെർനെസ്), ടിസിറ്റ്സി ഡാൻഗരംബ്ഗ(ദിസ് മോർണബിൾ ബോഡി), മാസാ മെംഗിസ്റ്റെ(ദ ഷാഡോ കിംഗ്), ഡഗ്ലസ് സ്റ്റുവാർട്ട്(ഷഗ്ഗി ബെയ്ൻ), ബ്രാൻഡൻ ടൈലർ(റിയൽ ലൈഫ്) എന്നിവരാണ് മറ്റുള്ളവർ.
ന്യൂജഴ്സിയിൽ ജനിച്ച അവനി ദോഷി ഇപ്പോൾ ദുബായിലാണു താമസമെന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നു. 2013ൽ ടൈബർ ജോൺസ് സൗത്ത് ഏഷ്യ പ്രൈസ് നേടിയിട്ടുണ്ട്.
മറ്റ് എഴുത്തുകാർ സ്കോട്ട്ലാൻഡ്, സിംബാബ്വെ, എത്യോപ്യ എന്നിവടങ്ങളിൽനിന്നുള്ളവരാണ്.
50,000 പൗണ്ടിന്റെ ബുക്കർ പുരസ്കാരം നവംബർ 17നു പ്രഖ്യാപിക്കും. കഴിഞ്ഞവർഷത്തെ പുരസ്കാരം മാർഗരറ്റ് ആറ്റ്വുഡും ബെർണാഡിൻ അവറിസ്റ്റോയും പങ്കുവയ്ക്കുകയായിരുന്നു.