ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മകന് കത്തോലിക്കാ മാമ്മോദീസാ
Friday, September 25, 2020 12:52 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മകൻ വിൽഫ്രെഡിന് വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ വച്ച് സെപ്റ്റം ബർ 12നു മാമ്മോദീസാ നൽകിയതായി വെസ്റ്റ്മിൻസ്റ്റർ അതിരൂപത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ശിശുവിന്റെ മാതാപിതാക്കളും വളരെക്കുറച്ച് വിശ്വാസികളും മാത്രമാണ് കോവിഡ് -19-ന്റെ സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുത്തത്.
മാമ്മോദീസാ നടന്ന ദിവസം പ്രധാനമന്ത്രി ഇറ്റലിയിൽ അവധി ആഘോഷിക്കുകയായിരുന്നെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമൂലമാണ് നിജസ്ഥിതി അറിയിക്കേണ്ടിവന്നത്.
കത്തീഡ്രലിന്റെ ചുമതലയുള്ള ഫാ. ദാനിയേൽ ഹംഫ്രീസ് ആണ് മാമ്മോദീസാ നൽകിയത്. ബ്രിട്ടനിൽ പ്രധാനമന്ത്രിയാകുന്ന ആദ്യ കത്തോലിക്കനാണ് ബോറിസ് ജോൺസൺ. അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന ടോണി ബ്ലെയർ പ്രധാനമന്ത്രിപദത്തിൽനിന്നു വിരമിച്ചതിനുശേഷം 2008-ൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയുണ്ടായി.