റെംഡെസിവിർ ഫലപ്രദമല്ല
Saturday, October 17, 2020 12:04 AM IST
ജനീവ: റെംഡെസിവിർ എന്ന മരുന്ന് കോവിഡ് ചികിത്സയ്ക്കു ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ കണ്ടെത്തി. യുഎസിലെ ഗിലയാദ് കന്പനി എബോള രോഗത്തിനു വികസിപ്പിച്ച ഈ മരുന്ന് കോവിഡ് ചികിത്സയിൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട ഒന്നായിരുന്നു.
മലേറിയയ്ക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവി ചികിത്സയ്ക്കു സംയുക്തമായി ഉപയോഗിക്കുന്ന ലോപിനാവിർ, റിട്ടോനാവിർ എന്നീ മരുന്നുകളും കോവിഡിനു ഗുണം ചെയ്യില്ലെന്നു കണ്ടെത്തി. മരണം തടയാനോ ആശുപത്രിവാസത്തിന്റെ ദൈർഘ്യം കുറയ്ക്കാനോ ഇവയ്ക്കു കഴിവില്ല. 30 രാജ്യങ്ങളിലെ 500 ആശുപത്രികളിലെ 11,266 പേരിലാണു പഠനം നടത്തിയത്.