അമർത്യാ സെന്നിനു ജർമൻ സമാധാന സമ്മാനം
Monday, October 19, 2020 12:37 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ പുസ്തകപ്രസാധക സംഘത്തിന്റെ ഈ വർഷത്തെ സമാധാന പുരസ്കാരം 1998-ലെ നൊബേൽസമ്മാന ജേതാവായ അമർത്യാസെന്നിനു നൽകി. ഫ്രാങ്ക്ഫർട്ടിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോൾസ് പള്ളി (പ്രഥമ ജർമൻ പാർലമെന്റ് മന്ദിരം)യിൽ നടന്ന ചടങ്ങിലാണു പുരസ്കാരസമർപ്പണം നടത്തിയത്.
പുരസ്കാരം നൽകിക്കൊണ്ടുള്ള ജർമൻ പ്രസിഡന്റിന്റെ പ്രസംഗത്തിൽ ലോകജനതയ്ക്ക് നീതി ലഭ്യമാക്കാനുള്ള പരിശ്രമത്തിൽ അമർത്യാ സെന്നിന്റെ അക്കാദമിക സംഭാവനകൾ അതുല്യമാണെന്നു ചൂണ്ടിക്കാട്ടി. ലോകത്തിലെ അസമത്വവും അനീതിയും അദ്ദേഹം തന്റെ രചനയുടെ പ്രമേയങ്ങളാക്കി. ആഗോളവത്കരണത്തിന്റെ നിയമങ്ങൾ അനീതി പരമാണെങ്കിൽ അവ മാറ്റേണ്ടതുണ്ട്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിലുള്ള പ്രസിഡന്റിന്റെ പ്രസംഗം വായിച്ചത് ജർമൻ നടനായ ബുർഗാർട്ട് ക്ലൗസ്നെർ ആണ്.
86കാരനായ സെൻ ബോസ്റ്റണിൽനിന്നാണ് ചടങ്ങിൽ സംബന്ധിച്ചത്. 1950 മുതൽ നൽകിവരുന്ന സമാധാന സമ്മാനം 25,000 യൂറോയും (20 ലക്ഷം രൂപ) പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ്.