എത്യോപ്യൻ സംഘർഷം: എറിത്രിയയിൽ റോക്കറ്റാക്രമണം
Monday, November 16, 2020 12:14 AM IST
ആഡിസ് അബാബ: വടക്കൻ എത്യോപ്യയിലെ ടിഗ്രെയ് മേഖലയിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടുന്ന ടിഗ്രെയ് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്(ടിപിഎൽഎഫ്) പാർട്ടിയുടെ പോരാളികൾ അയൽരാജ്യമായ എറിത്രിയയിൽ റോക്കറ്റാക്രമണം നടത്തി. എറിത്രിയൻ തലസ്ഥാനമായ അസ്മാരയിലെ വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണു റോക്കറ്റുകൾ പതിച്ചത്. ആളപായമുള്ളതായി റിപ്പോർട്ടില്ല.
ട്രിഗ്രെയെ ആക്രമിക്കാൻ എത്യോപ്യൻ പട്ടാളക്കാർ എറിത്രി യൻ വിമാനത്താവളം ഉപയോഗിക്കുന്നതിനു മറുപടിയാണിതെന്ന് ടിപിഎൽഎഫ് നേതാവ് ഡെബ്രറ്റ്സിയൻ ഗെബ്രിമൈക്കിൾ പറഞ്ഞു.
ഈ ആരോപണം എത്യോപ്യൻ പ്രധാനമന്ത്രി അബിയ് അഹമ്മദ് നിഷേധിച്ചു.
ടിഗ്രെയ് പ്രദേശത്തെ നിയന്ത്രിക്കുന്ന ടിപിഎൽഎഫും എത്യോപ്യൻ പട്ടാളവും തമ്മിൽ രണ്ടാഴ്ചയായി നടക്കുന്ന യുദ്ധത്തിൽ അനവധി ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ആയിരങ്ങൾ അയൽരാജ്യമായ സുഡാനിലേക്കു പലായനം ചെയ്തു.
എത്യോപ്യൻ രാഷ്ട്രീയത്തിലും സൈന്യത്തിലും സ്വാധീനം ചെലുത്തിയിരുന്ന ടിപിഎൽഎഫിനെ, 2018ൽ അധികാരമേറ്റ അബിയ് അഹമ്മദ് വരുതിയിലാക്കാൻ ശ്രമിക്കുന്നതാണു പോരാട്ടത്തിനു കാരണം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം പ്രധാനമന്ത്രി തകർക്കുയാണെന്ന് ടിപിഎൽഎഫ് പറയുന്നു.
എത്യോപ്യയുടെ ബദ്ധശത്രുവായിരുന്ന എറിത്രിയയുമായി സമാധാനമുണ്ടാക്കിയതിന് അബിയ് അഹമ്മദിന് 2019ൽ സമാധാന നൊബേൽ ലഭിച്ചിരുന്നു. എറിത്രിയൻ നേതാവ് ഐസയാസ് അഫ്വെർക്കിയുമായി അബിയ് അഹമ്മദ് സൗഹൃദത്തിലായതും ടിപിഎൽഎഫിനെ അതൃപ്തരാക്കിയിരുന്നു.